Share this Article
News Malayalam 24x7
വാനം തൊട്ട് മലയാളി... ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ
Dr. Anil Menon Becomes the First Astronaut of Malayali Origin to Reach Space

മലയാളി വംശജനായ നാസ (NASA) ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) സുരക്ഷിതമായി എത്തിച്ചേർന്നു. റഷ്യൻ ബഹിരാകാശ പേടകമായ സോയൂസ് എം.എസ്-29-ൽ (Soyuz MS-29) യാത്ര തിരിച്ച് വിജയകരമായി ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചതോടെ, ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി വംശജൻ എന്ന ചരിത്രനേട്ടം ഡോ. അനിൽ മേനോൻ സ്വന്തമാക്കി.

കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-നായിരുന്നു ചരിത്രപരമായ ഈ വിക്ഷേപണം നടന്നത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും അനിൽ മേനോനൊപ്പം ഈ ദൗത്യസംഘത്തിലുണ്ട്. മൂന്ന് മണിക്കൂറിലധികം നീണ്ട യാത്രയ്ക്കൊടുവിൽ ഇന്ത്യൻ സമയം രാത്രി 11.52-ഓടെ പേടകം ബഹിരാകാശ നിലയത്തിന്റെ 'പ്രിചാൽ' (Prichal) മോഡ്യൂളുമായി വിജയകരമായി ബന്ധിപ്പിച്ചു. തുടർന്ന് വിവിധ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പേടകത്തിന്റെ കവാടം (Hatch) തുറന്ന് ദൗത്യസംഘം നിലയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. നിലവിലുള്ള ഏഴ് ശാസ്ത്രജ്ഞർക്കൊപ്പം പുതിയ മൂന്നംഗ സംഘം കൂടി ചേർന്നതോടെ ബഹിരാകാശ നിലയത്തിലെ ആകെ അംഗങ്ങളുടെ എണ്ണം പത്തായി ഉയർന്നു.


ബഹിരാകാശ നിലയത്തിൽ എട്ട് മാസത്തോളം നീളുന്ന ഗവേഷണങ്ങൾക്കായിരിക്കും ഈ ദൗത്യസംഘം നേതൃത്വം നൽകുക. എക്സ്പെഡിഷൻ 74, 75 എന്നിവയുടെ ഭാഗമായി വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലും സാങ്കേതിക പരീക്ഷണങ്ങളിലും ഇവർ പങ്കാളികളാകും. പ്രധാനമായും ബഹിരാകാശത്തെ ഗുരുത്വാകർഷണക്കുറവ് (Microgravity) മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ഫിസിയോളജിക്കൽ വ്യതിയാനങ്ങൾ നിരീക്ഷിക്കുകയാണ് മെഡിക്കൽ രംഗത്ത് പ്രഗത്ഭനായ ഡോ. അനിൽ മേനോന്റെ ദൗത്യങ്ങളിൽ പ്രധാനം. രക്തയോട്ടം, നാഡീവ്യൂഹം എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പുറമെ ബഹിരാകാശത്ത് ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് ഐവി (IV) ഫ്ലൂയിഡുകൾ ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും കൃത്രിമ ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള അൾട്രാസൗണ്ട് മെഡിക്കൽ മോണിറ്ററിങ് സംവിധാനങ്ങളും അദ്ദേഹം പരിശോധിക്കും.


യു.എസിലെ മിനിയാപൊളിസിൽ ജനിച്ച അനിൽ മേനോന് കേരളവുമായി ദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പിതാവ് കെ.പി ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും ചരിത്രപുരുഷനുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ പിൻമുറക്കാരൻ കൂടിയാണ് അനിൽ മേനോൻ. അമ്മ എലിസബത്ത് യുക്രെയ്ൻ സ്വദേശിനിയാണ്. യു.എസ് സ്പേസ് ഫോഴ്സിൽ കേണലായ ഡോ. അനിൽ മേനോൻ, മുൻപ് നാസയുടെയും സ്പേസ് എക്സിന്റെയും ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും നാസയുടെ ബഹിരാകാശ യാത്രാ പരിശീലനം നേടിവരികയാണ്. 2027 ഏപ്രിലോടെയായിരിക്കും ഡോ. അനിൽ മേനോൻ അടങ്ങുന്ന ദൗത്യസംഘം ഗവേഷണങ്ങൾ പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories