തെന്നിന്ത്യൻ താരം വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രാദേശിക കേബിൾ ചാനലിലൂടെ സംപ്രേഷണം ചെയ്ത സംഭവത്തിൽ ഉടമ അറസ്റ്റിൽ. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ എന്ന ചാനലിന്റെ ഉടമയുമായ എസ്. പളനിസ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 11-നാണ് നിയമവിരുദ്ധമായി ചിത്രത്തിന്റെ വ്യാജ പതിപ്പ് ചാനലിലൂടെ പ്രദർശിപ്പിച്ചത്. സിനിമയുടെ ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് പ്രാദേശിക ചാനൽ വഴി ചിത്രം സംപ്രേഷണം ചെയ്തത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ചിത്രം ഓൺലൈനിൽ ചോർന്നതുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന്പൊലീസ് അറിയിച്ചു. സിനിമയുടെ റിലീസിന് മുൻപേ ഇത്തരം പകർപ്പവകാശ ലംഘനങ്ങൾ നടക്കുന്നത് സിനിമാ മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.