Share this Article
News Malayalam 24x7
ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 നാളെ വിക്ഷേപിക്കും
 Vikram-1 Private Orbital Rocket

രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയൊരു ചരിത്ര നേട്ടം സമ്മാനിച്ചുകൊണ്ട്, ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’ നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC) ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്രം-1 കുതിച്ചുയരുക. 'ആഗമൻ' (Aagaman) എന്നാണ് ഈ ചരിത്ര ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.

ഇന്ത്യൻ സമയം നാളെ (ശനിയാഴ്ച, ജൂലൈ 18) രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ (Skyroot Aerospace) ആണ് വിക്രം-1 റോക്കറ്റ് പൂർണ്ണമായും രൂപകൽപ്പന ചെയ്തും നിർമ്മിച്ചതും. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഒരു സ്വകാര്യ റോക്കറ്റ് ഇന്ത്യൻ മണ്ണിൽ നിന്ന് ഭ്രമണപഥത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്നത് ഇതാദ്യമായാണ്.


ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കുന്നതിൽ ഈ ദൗത്യം നിർണായക പങ്ക് വഹിക്കും. നേരത്തെ, 2022 നവംബറിൽ സ്കൈറൂട്ട് വിജയകരമായി വിക്ഷേപിച്ച 'വിക്രം-എസ്' എന്ന സബ് ഓർബിറ്റൽ റോക്കറ്റിന് ശേഷമുള്ള രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് ഓർബിറ്റൽ വിഭാഗത്തിലുള്ള വിക്രം-1-ന്റെ വിക്ഷേപണം.


വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ-നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമ അതിർത്തിയും നാവിഗേഷനും സംബന്ധിച്ച പ്രത്യേക മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥം ഉൾപ്പെടുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories