ചെന്നൈ: പ്രശ്സത നടി സൗകർ ജാനകി (94) അന്തരിച്ചു.അസുഖത്തെ തുടർന്ന് ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ സൗകാർ ജാനകിയെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.തമിഴകത്തെ നിരവധി താരങ്ങൾ നടിക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. 1950ൽ എൽ വി പ്രസാദ് സംവിധാനം ചെയ്ത ഷാവുകരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1952 ൽ ടിആർ സുന്ദരം സംവിധാനം ചെയ്ത വലയപതി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1964 ൽ പുറത്തിറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ സൂര്യമാനസത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തിൽ ജാനകി എത്തിയത്.