സമൂഹ മാധ്യമങ്ങളിൽ സജീവമായ ഏറെ ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റി ദമ്പതികളായ അവതാരകരായ ജീവ ജോസഫും അപർണ തോമസും വേർപിരിഞ്ഞു.കുറച്ചു കാലമായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ജീവ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ വേർപിരിഞ്ഞത് സ്ഥിരീകരിച്ചിരിക്കുകയാണ്. 11 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.
ജീവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്
പ്രിയമുള്ളവരെ,
ഇത് പങ്കുവെക്കുക എന്നത് എനിക്ക് എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്ന നിങ്ങളോട് ഞാൻ തന്നെ ഇത് നേരിട്ട് പറയണം എന്ന് തോന്നി.ഒരു ദമ്പതികൾ എന്ന നിലയിൽ ഞങ്ങളെ ഒരുപാട് പേർക്ക് ഇഷ്ടമായിരുന്നു. എന്നാൽ ഇനി മുതൽ ഞങ്ങൾ ഒന്നിച്ചല്ല, ജീവയും അപർണയും രണ്ടുപേരാണ്.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ചില പിഴവുകൾ സംഭവിച്ചു, ഇനി ഇത് ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്ന യാഥാർത്ഥ്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ രണ്ടു വഴികളിലേക്ക് പിരിയാൻ ഞങ്ങൾ തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണം തികച്ചും വ്യക്തിപരമാണ്.ഞങ്ങളെപ്പോലെ തന്നെ നിങ്ങളും ഇതിനെ ഉയർന്ന ചിന്താഗതിയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. വളരെ വ്യക്തിപരമായ ഒരു തീരുമാനമാണിത്. ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങളെ മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
"എന്ത് സംഭവിക്കുന്നതും നല്ലതിനാണ്" എന്ന് പറയാറുണ്ടല്ലോ, ഞാൻ അതിൽ വിശ്വസിക്കുന്നു.