വെല്ലിങ്ടൺ: മഴ ഇടയ്ക്കിടെ കളിച്ച രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് ജയം.ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. കീവീസിനെ 134 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 26 ഓവറിൽ 113-7 എന്ന നിലയിൽ നിൽക്കേ മഴയെത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 ന് ഇന്ത്യ മുന്നിലെത്തി.കിവീസിനെ 134 റൺസിന് ഓൾഔട്ടാക്കിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. ടീം 17 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ വിരാട് കോലി 7 റൺസ് മാത്രമെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ വിക്കറ്റ് വീഴ്ത്തി കിവീസ് തിരിച്ചടിച്ചു. രോഹിത് ശർമയും (23) അക്ഷർ പട്ടേലും പുറത്തായതോടെ ടീം 47-4 എന്ന നിലയിലേക്ക് വീണു.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുലും ശ്രേയസ് അയ്യരും ചേർന്ന് പിന്നീട് ഇന്ത്യയെ കരകയറ്റി. അഞ്ചാം വിക്കറ്റിൽ നിർണായകമായ 39 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. അതോടെ സ്കോർ 86 ലെത്തി. ബാറ്റർമാരെ അധികനേരം ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ കിവീസ് ബൗളർമാർ പ്രതിരോധത്തിലാക്കി. 46 പന്തിൽ 30 റൺസെടുത്ത് അയ്യരും 12 റൺസ് മാത്രമെടുത്ത് നമാൻ ധിറും മടങ്ങി. പിന്നാലെ അൻഷുൽ കാംബോജും (1) പുറത്തായതോടെ ഇന്ത്യ 111-7 എന്ന നിലയിലായി. 113 റൺസിൽ നിൽക്കേ വീണ്ടും മഴയെത്തി. പിന്നീട് കളി തുടരാനായില്ല. അതോടെ പാർ സ്കോറിൽ മുന്നിലായിരുന്ന ഇന്ത്യ വിജയിച്ചു.
ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡിനെ ഇന്ത്യ 134 റൺസിന് എറിഞ്ഞൊതുക്കിയിരുന്നു. നാല് വിക്കറ്റെടുത്ത ഗുർനൂർ ബ്രാറാണ് കിവീസിനെ ചെറിയ സ്കോറിലൊതുക്കുന്നതിൽ വലിയ പങ്ക് വഹിച്ചത്.