അബുദാബി: വീരേന്ദർ സെവാഗിന്റെ ബാറ്റിങ് ശൈലിയെ ഓർമിപ്പിക്കുന്ന പ്രകടനവുമായി ആര്യവീർ സെവാഗ് തകർപ്പൻ സെഞ്ചുറിയുമായി ക്രീസ് വാണപ്പോൾ അണ്ടർ-19 ഏഷ്യാകപ്പിൽ സെമി ലക്ഷ്യമിടുന്ന ഇന്ത്യക്ക് കൂറ്റൻ സ്കോർ. യു.എ.ഇക്കെതിരായ നിർണായക മത്സരത്തിൽ 168 പന്തിൽ 160 റൺസാണ് ആര്യവീർ അടിച്ചുകൂട്ടിയത്. 17 ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെട്ട വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 309 റൺസെടുത്തു.
ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ആര്യവീറും ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും ചേർന്ന് ഭേദപ്പെട്ട അടിത്തറയിട്ടു. ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസാണ് ഇരുവരും നേടിയത്.