തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ ഇന്ത്യൻ താരം സഞ്ജു വി. സാംസൺ നയിക്കും.18 അംഗ ശക്തമായ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് മത്സരങ്ങൾ നടക്കുന്നത്.
സഞ്ജു സാംസൺ, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ, എം.ഡി. നിധീഷ്, ജലജ് സക്‌സേന തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം കേരള ക്രിക്കറ്റ് ലീഗിലടക്കം മികവ് തെളിയിച്ച യുവതാരങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ കേരള ടീം.അഹമ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും അടക്കമുള്ള യുവതാരങ്ങൾ ബാറ്റിങ് നിരയ്ക്ക് കരുത്തു പകരുമ്പോൾ, അഖിൽ സ്‌കറിയയും ഷറഫുദ്ദീനും അടക്കമുള്ള ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിരയും ടീമിലുണ്ട്. കെ.എം. ആസിഫ്, എം. നിഖിൽ, വിഘ്‌നേഷ് പുത്തൂർ, ബിജു നാരായണൻ, വൈശാഖ് ചന്ദ്രൻ തുടങ്ങിയവർ അണിനിരക്കുന്ന പേസ്-സ്പിൻ ബൗളിങ് നിരയും കേരളത്തിനുണ്ട്.മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നീ ടീമുകളടങ്ങിയഗ്രൂപ്പ്-സിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം: സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ., വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, അഖിൽ സ്‌കറിയ, നിഖിൽ എം., വിഘ്‌നേഷ് പുത്തൂർ, ബിജു നാരായണൻ എൻ., കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, ആസിഫ് കെ.എം., നിധീഷ് എം.ഡി., ഷറഫുദ്ദീൻ എൻ.എം., ജലജ് സക്‌സേന.