അബുദാബി: നിർണായക മത്സരത്തിൽ യുഎഇയെ 70 റൺസിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യ കപ്പ് സെമിയിൽ.പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം നടന്ന നിർണായക മത്സരത്തിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ സെഞ്ച്വറി കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 309 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ പൊരുതി നോക്കിയെങ്കിലും 239 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എ-യിൽ നിന്ന് പാകിസ്താനൊപ്പം ഇന്ത്യയും സെമിഫൈനൽ യോഗ്യത ഉറപ്പിച്ചു. സെമിയിൽ അഫ്ഗാനിസ്ഥാൻ അണ്ടർ-19 ടീമാണ് ഇന്ത്യയുടെ എതിരാളികൾ.
310 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇക്ക് ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ പ്രഹരമേൽപ്പിച്ചു. യുഎഇ നിരയിൽ അഹമ്മദ് ഖുദാദാദ് (74) അർധസെഞ്ചുറിയോടെ ചെറുത്തുനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നൂറുല്ല അയ്യൂബി (39), യായിൻ റായ് (29), അയാൻ മിസ്ബ (27) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറർമാർ.