ജംഷേദ്പുർ: ഒടുവിൽ സമനില. ഒരുവിധത്തിൽ ഒരു പോയിന്റ് മാത്രം നേടി കേരളം ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയോടെ അവസാനിപ്പിച്ചു. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു.
നേരത്തെ ഝാർഖണ്ഡിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 587 റൺസിനെതിരെ കേരളം 395 റൺസിന് പുറത്തായിരുന്നു. ഇതോടെ അവർക്ക് 192 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് ലഭിച്ചു. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സിന്റെ ലീഡിൽ ഝാർഖണ്ഡിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിക്കും.
രണ്ടാമിന്നിങ്സിൽ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹൻ ഒരു റണ്ണിനും സച്ചിൻ 37 റൺസെടുത്തും പുറത്തായി. 23 റൺസോടെ അഭിഷേക് നായരായിരുന്നു ക്രീസിൽ.ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ സൽമാൻ നിസാർ-ആദിത്യ സർവാതെ സഖ്യം 365 റൺസിലെത്തിച്ച് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെ കേരളം 395 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.