ന‍്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം സൂപ്പർ ലീഗ് റൗണ്ടിൽ. നിർണായക മത്സരത്തിൽ ഹിമാചലിനെ തകർത്തെറിഞ്ഞാണ് കേരളം അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. കേരളം നിശ്ചിത 20 ഓവറിൽ ഉയർത്തിയ 268 റൺസ് വിജയലക്ഷ‍്യം പിന്തുടരാൻ ബാറ്റേന്തിയ ഹിമാചൽ പ്രദേശിന്‍റെ ബാറ്റിങ് പ്രകടനം 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലൊതുങ്ങി.ഇതോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ 7 മത്സരങ്ങളിൽ നിന്നും 20 പോയിന്‍റുകളുമായി കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളത്തിനു വേണ്ടി വൈശാഖ് ചന്ദ്രൻ രണ്ടും അബ്ദുൾ ബാസിത്, കാർത്തിക് ബി. നായർ, കെ.എം. ആസിഫ്, എം.ഡി. നിധീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന്‍റെ മികവിൽ കേരള സീനിയർ ടീമിലെത്തിയ ഓൾറൗണ്ടർ ഷറഫുദ്ദീൻ ഇത്തവണ വിക്കെറ്റെടുക്കാതെ നിരാശപ്പെടുത്തി. ആദ‍്യ ഓവറിൽ തന്നെ ഹിമാചൽ പ്രദേശിന്‍റെ ഓപ്പണിങ് ബാറ്റർ ആയുഷ് ജാംവാലിന്‍റെ (4) വിക്കറ്റെടുത്ത് നിധീഷാണ് ബൗളിങ് ആക്രമണത്തിന് തുടക്കമിട്ടത്. 35ാം വയസിലും കരിയറിന്‍റെ ഉന്നതിയിലാണ് നിധീഷ്. ഈ സീസണിൽ 15 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമതാണ് താരം. രണ്ടാം ഓവറിൽ കെ.എം. ആസിഫ് എറിഞ്ഞ ബൗൺസറിൽ വൈഭവ് ശർമയുടെ (3) വിക്കറ്റും നഷ്ടമായതോടെ ഹിമാചൽ പ്രതിരോധത്തിലായി.എന്നാൽ മൂന്നാം വിക്കറ്റിൽ ഏകാന്ത് സെന്നും (39) ക‍്യാപ്റ്റൻ പുക്രാജ് മന്നും (29) ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന് ആത്മവിശ്വാസം നൽകി. ക‍്യാപ്റ്റനെ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത് തന്നെ നേഹാൽ വധേരയെ (3) അബ്ദുൾ ബാസിത് ക്ലീൻ ബൗൾഡാക്കിയതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലെത്തി ഹിമാചൽ. ടോപ് ഓർഡർ തകർന്നെങ്കിലും ഏഴാമനായി ബാറ്റ് ചെയ്ത വൈഭവ് കൾട്ട കേരളത്തിനെതിരേ ശക്തമായ പ്രതിരോധം തീർത്തു.
28 പന്തിൽ നിന്നും പുറത്താകാതെ 4 സിക്സും 3 ബൗണ്ടറിയും അടക്കം പുറത്താകാതെ 57 റൺസാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. ആര‍്യമാൻ സിങ്ങും (30 നോട്ടൗട്ട്) പിന്തുണ നൽകിയതോടെയാണ് ഹിമാചൽ 201 റൺസിലെത്തിയത്. മൃദുൽ സരോച് 15 പന്തിൽ 29 റൺസെടുത്ത് കളംവിട്ടു. അതേസമയം, ഈ മത്സരത്തിൽ മാത്രം 4 ക‍്യാച്ചാണ് കേരള താരങ്ങൾ കൈവിട്ടു കളഞ്ഞത്.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് അടിച്ചെടുത്തു. ഓപ്പണിങ് ബാറ്റർമാരായ മുഹമ്മദ് അസറുദ്ദീൻ ( 57 പന്തിൽ 101), രോഹൻ കുന്നുമ്മൽ ( 16 പന്തിൽ 35), സഞ്ജു സാംസൺ (21 പന്തിൽ 44) എന്നിവരുടെ പ്രകടനമാണ് ടീമിന് കരുത്തേകിയത്. ഇവർക്കു പുറമെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസും സൽമാൻ നിസാർ 15 പന്തിൽ പുറത്താകാതെ 26 റൺസുമെടുത്തു. ഹിമാചൽ പ്രദേശിനു വേണ്ടി മൃദുൽ സരോച് രണ്ടും അർപിത് ഗുലേറിയ, ആര‍്യമാൻ സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഹിമാചലിനെതിരായ മത്സരത്തിൽ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ‍്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ രോഹൻ കുന്നുമ്മൽ സിക്സർ പറത്തിയാണ് ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ടത്. അടുത്ത പന്ത് സിംഗിളെടുത്ത് മാറിയതോടെ അസറദ്ദീനായി സ്ട്രൈക്കിൽ. രോഹിത് കുമാർ എറിഞ്ഞ അഞ്ചാം പന്ത് ഡോട്ട് ബോളാക്കിയെങ്കിലും തൊട്ടടുത്ത പന്ത് ബൗണ്ടറി നേടി. ഇതോടെ ആദ‍്യ ഓവറിൽ തന്നെ 12 റൺസായി ടീമിന്. എന്നാൽ ആദ‍്യ ഓവറിൽ ഉയർന്ന റൺസ് രണ്ടാം ഓവറിൽ കേരളത്തിന്‍റെ ബാറ്റർമാർക്ക് നേടാനായില്ല. ആദ‍്യ ഓവർ പന്തെറിഞ്ഞ സ്പിന്നർ ആര‍്യമാൻ സിങ്ങ് വെറും 3 റൺസ് മാത്രമാണ് വഴങ്ങിയത്.
മൂന്നാം ഓവറിൽ ഇരുവരും ചേർന്ന് 18 റൺസ് അടിച്ചെടുത്തതോടെ വിക്കറ്റ് നഷ്ടമില്ലാതെ 34 റൺസിലെത്തി കേരളം. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 87 റൺസുണ്ടായിരുന്നു ടീമിന്. രോഹന്‍റെ വിക്കറ്റാണ് കേരളത്തിന് ആദ‍്യം നഷ്ടമായത്. അർപിത് ഗുലേറിയ എറിഞ്ഞ ബൗൺസറിൽ കുടുങ്ങുകയായിരുന്നു. എന്നാൽ മൂന്നാമനായി ബാറ്റിങ്ങിനെത്തിയ സഞ്ജു സാംസൺ അസറുദ്ദീനൊപ്പം ചേർന്ന് സ്കോർ ബോർഡ് ഉയർത്തി.
നേരിട്ട ആദ‍്യ പന്ത് ബൗണ്ടറി അടിച്ച് സഞ്ജു വരവറിയിച്ചു. 78 റൺസ് സഖ‍്യമുണ്ടാക്കിയ ശേഷമാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിയുന്നത്. മൃദുൽ സുറോക്ക് എറിഞ്ഞ ഫുൾടോസ് ഡെലിവറി സഞ്ജുവിന് സിക്സർ പറത്താനായില്ല. ഹിമാചൽ ക‍്യാപ്റ്റൻ പുക്രാജ് മൻ ആണ് ക‍്യാച്ചെടുത്ത് സഞ്ജുവിനെ പുറത്താക്കിയത്. വമ്പൻ അടിക്കാരൻ വിഷ്ണു വിനോദ് 11 പന്തുകൾ മാത്രമെ ക്രീസിൽ നിന്നുള്ളൂവെങ്കിലും 22 റൺസ് സംഭാവന നൽകി. ഒരുവശത്ത് അസറുദ്ദീൻ കരുതലോടെ ഒറ്റയാൾ പോരാട്ടം നടത്തി മുന്നോട്ട് നീങ്ങി.
ഒടുവിൽ വീരേന്ദർ സെവാഗിനെ പോലെ സിക്സർ പറത്തിയാണ് താരം സെഞ്ചുറി തികച്ചത്. പക്ഷേ ആര‍്യമാൻ സിങ്ങിന്‍റെ യോർക്കർ അസറുദ്ദീന് പ്രതിരോധിക്കാനായില്ല. 19ാം ഓവറിൽ വിക്കറ്റ് നൽകി മടങ്ങി. സഞ്ജുവിന്‍റെ ബാറ്റുമായാണ് അസറുദ്ദീൻ ബാറ്റ് ചെയ്തത്. സഞ്ജുവിന്‍റെ ഓപ്പണിങ് സ്ഥാനം അസറുദ്ദീന് കൈമാറിയെന്നതും ശ്രദ്ധേയമാണ്.