ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായ തോൽവികളാൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മുംബൈ ഇന്ത്യൻസിന് ഇന്നത്തെ മത്സരം പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒരു ജീവൻമരണ പോരാട്ടമാണ്.
പ്ലേ ഓഫ് പ്രവേശനം സാധ്യമാക്കാൻ മുംബൈയ്ക്ക് ഇന്നത്തെ മത്സരത്തിൽ അദ്ഭുതകരമായ ജയം അനിവാര്യമാണ്. ടീമിന് ആത്മവിശ്വാസം നൽകുന്ന വാർത്തയായി രണ്ട് പ്രമുഖ താരങ്ങൾ മടങ്ങിയെത്തുന്നുണ്ട്. മുൻ നായകൻ രോഹിത് ശർമ്മയും ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്സുമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത രോഹിത്തിന്റെ ബാറ്റിംഗ് മികവ് ഇന്നത്തെ മത്സരത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.