എറണാകുളം വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയായ സുരമ്യ (32) കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്. സംഭവത്തിൽ സുഹൃത്തായ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വടക്കേക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി സുരമ്യ മത്സരിച്ചിരുന്നു. കഴിഞ്ഞ ആറ് വർഷമായി സുരമ്യയും ഷിബിനും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ അടുത്തിടെ ഈ ബന്ധത്തിൽ നിന്ന് സുരമ്യ പിന്മാറാൻ തീരുമാനിച്ചിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കൊടുങ്ങല്ലൂരിലേക്ക് പോകാനായി എത്തിയ സുരമ്യയെ, പ്രശ്നങ്ങൾ സംസാരിച്ച് ഒത്തുതീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് ഷിബിൻ സ്വന്തം വാഹനത്തിൽ കയറ്റി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിച്ച ശേഷം കറിക്കത്തി ഉപയോഗിച്ച് സുരമ്യയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഷിബിൻ നേരിട്ടെത്തി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.