Share this Article
News Malayalam 24x7
'അമ്മയേയും അച്ഛനേയും ദൈവ സന്നിധിയിലേക്ക് അയക്കാന്‍ ദൈവം പറഞ്ഞു'
Idukki Double Murde

എഴുകുംവയലിൽ മാതാപിതാക്കളെ മകൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മാതാപിതാക്കളായ ആന്റണിയെയും  ഭാര്യ വത്സമ്മയെയും  ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ മകൻ അജീഷ് പൊലീസിന് നൽകിയ മൊഴി.

കഴിഞ്ഞദിവസം രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. വത്സമ്മയുടെ കഴുത്തിലും ആന്റണിയുടെ നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ മാതാപിതാക്കളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ അജീഷ് അടുത്ത ബന്ധുവിനും ഇടവക വികാരിക്കും മൊബൈലിൽ അയച്ചുകൊടുത്തു. വിവരമറിഞ്ഞ് വികാരിയും നാട്ടുകാരും വീട്ടിലെത്തുമ്പോൾ വീടിനകത്തിരുന്ന് ബൈബിൾ വായിക്കുന്ന നിലയിലായിരുന്നു പ്രതി. സംഭവം അന്വേഷിച്ച നാട്ടുകാരോട് 'മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയച്ചു' എന്നായിരുന്നു അജീഷിന്റെ മറുപടി.


സംഭവസമയത്ത് ആന്റണിയുടെ പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു. എന്നാൽ, അവരെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം ആവശ്യപ്പെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്നും ഇയാൾ മൊഴി നൽകി. മുൻപ് കടുത്ത ലഹരിക്ക് അടിമയായിരുന്ന അജീഷിനെ മാതാപിതാക്കൾ മുൻകൈയെടുത്ത് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്ന് തിരിച്ചെത്തിയ ശേഷവും വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. ഇതിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ "അമ്മ എവിടെപ്പോയി, ഇതൊന്നും ശരിയല്ല, വീട് ഇങ്ങനെയല്ല കിടന്നിരുന്നത്" എന്നിങ്ങനെ വിചിത്രമായ രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories