കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഗിനിയൻ മുന്നേറ്റ താരത്തെ കൂടി എത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഗിനിയൻ സ്ട്രൈക്കർ മോമോ യാൻസാനെയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അർമേനിയൻ ക്ലബ് പ്യുനിക്കിന് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. ഷെഫ്‌റീഫ് എഫ്സിക്കായി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
ക്ലബ്ബിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ആരാധകർ കാത്തിരുന്ന സന്തോഷവാർത്ത മാനേജ്‌മെന്റ് പുറത്തുവിട്ടത്. ആക്രമണ നിരയ്ക്ക് വേഗതയും ലക്ഷ്യബോധവും നൽകാൻ ശേഷിയുള്ള 29-കാരനായ യാൻസാനെ സെന്റർ ഫോർവേഡ് പൊസിഷനിലാണ് തിളങ്ങുന്നത്.
2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ വച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിനെ ഷെറീഫ് ടിറാസ്‌പോൾ അട്ടിമറിച്ച മത്സരത്തിൽ യാൻസനും ഇറങ്ങിയിരുന്നു.മോൾഡോവയിൽ ലീഗ് കിരീടവും പ്രാദേശിക കപ്പും നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരം ബെലാറസ്, റഷ്യ, ക്രൊയേഷ്യ, ജോർജിയ, അസർബൈജാൻ, അർമേനിയൻ ലീഗുകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. അർമേനിയൻ ക്ലബ്ബായ പ്യൂണിക്കിൽ നിന്നാണ് സ്ട്രൈക്കർ ഇന്ത്യൻ ഫുട്ബോളിലേക്ക് ചുവടുവെക്കുന്നത്.