തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 2027ലെ മെഗാ ടൂർണമെന്റ് ഇന്ത്യക്കായി താന്‍ കളിക്കുന്ന അവസാനത്തെ ഏകദിന ലോകകപ്പായിരിക്കുമെന്ന് സൂപ്പര്‍ താരമായ വിരാട് കോഹ്‌ലി. ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ എന്ത് ത്യാഗത്തിനും താന്‍ തയ്യാറാണെന്ന് കോഹ്‌ലി പറഞ്ഞു. നാളെ കാര്യവട്ടത്ത് ഉൾപ്പെടെ നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഹോം സീരീസിന് മുന്നോടിയായി സംസാരിക്കവെയാണ് താരം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.'ഏകദിന ലോകകപ്പിന്റെ തീവ്രത മറ്റേതിനേക്കാളും വളരെ കൂടുതലാണ്. കാരണം, ഇവിടെ ടി20 ലെവലിലുള്ള ഏകദേശം 10 മത്സരങ്ങളാണ് നിങ്ങള്‍ കളിക്കേണ്ടി വരുന്നത്. അതും ഒരു ദിവസത്തില്‍ രണ്ടര ടി20 മത്സരങ്ങള്‍ക്ക് തുല്യമായ സമ്മര്‍ദ്ദം. ഒരു വലിയ ടൂര്‍ണമെന്റില്‍, അതും ലോകകപ്പില്‍ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തുക എന്നത് വലിയ കാര്യമാണ്. അതിനുപുറമേ, ഇത് വിദേശ സാഹചര്യങ്ങളിലുമാണ് നടക്കുന്നത്. അത് നമ്മുടെ ഊര്‍ജ്ജത്തെ വളരെയധികം ചോര്‍ത്തിക്കളയും.
എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കായി ഞാന്‍ കളിക്കാന്‍ പോകുന്ന അവസാന ലോകകപ്പാണിത്. അതാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. എല്ലാം കളിക്കളത്തില്‍ ബാക്കിവെച്ച് പോരാടുക എന്നതാണ് ലക്ഷ്യം. തീര്‍ച്ചയായും ലോകകപ്പ് നേടുക എന്നത് തന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. അതിനായി എന്ത് വിലകൊടുക്കാനും ഞാന്‍ തയ്യാറാണ്' -കോഹ്‌ലി പറഞ്ഞു.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ഇതുവരെ ലോകകപ്പില്‍ 37 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 59.83 ശരാശരിയില്‍ 1,795 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 5 സെഞ്ച്വറികളും 12 അര്‍ധശതകങ്ങളും ഉള്‍പ്പെടുന്നു. 117 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിന കരിയറില്‍ ആകെ 302 ഇന്നിങ്‌സുകളില്‍ നിന്നായി 58.59 ശരാശരിയില്‍ 14,941 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ 54 സെഞ്ച്വറികളും 79 ഫിഫ്റ്റിയും ഉള്‍പ്പെടുന്നു. രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുന്ന കോഹ്‌ലിക്ക്, കിരീടത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.