Share this Article
News Malayalam 24x7
നാലാം റൗണ്ടിൽ പരിക്കേറ്റ് പിന്മാറിയിട്ടും എം ശ്രീശങ്കറിന്‌ വെള്ളി; 5000 മീറ്ററിൽ പാരുൾ ചൗധരിക്കു വെങ്കലം, ജാവലിൻ ത്രോയിൽ വെള്ളിയും വെങ്കലവും ഉറപ്പിച്ച് ഇന്ത്യ
വെബ് ടീം
4 hours 39 Minutes Ago
1 min read
m sreeshankar

നഗോയ: ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം. പുരുഷ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കറിനു വെള്ളി. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തി. ആദ്യ ശ്രമത്തിൽ 7.66 മീറ്ററും, മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമാണ് ശ്രീശങ്കർ ചാടിയത്. നാലാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ കാലിനു പരുക്കേറ്റ താരം മത്സരത്തിൽനിന്നു പിൻമാറി. അഞ്ച്, ആറ് ശ്രമങ്ങളിൽ ശ്രീശങ്കർ മത്സരിച്ചില്ല. എങ്കിലും താരം വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. 8.17 മീറ്റര്‍ ദൂരം ചാടിയ ചൈനയുടെ ഷി യുഹാവോയ്ക്കാണ് ഈയിനത്തിൽ സ്വർണം. ഉസ്ബക്കിസ്ഥാൻ താരം അൻവർ അൻവറോവ് വെങ്കലവും വിജയിച്ചു.

പുരുഷ ലോങ്ജംപിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ പട്ടുരാജ് ഡേവിഡ് സോളമൻ ഏഴാമതാണ് ഫിനിഷ് ചെയ്തത്. 7.70 മീറ്ററാണ് താരത്തിന്റെ മികച്ച പ്രകടനം.

വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യൻ താരം പാരുൾ ചൗധരിക്കു വെങ്കലം. 2026 ഏഷ്യൻ ഗെയിംസിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യൻ ഇന്ത്യൻ അത്‌ലീറ്റാണ് പാരുൾ ചൗധരി. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പാരുൾ ചൗധരി വെങ്കലം വിജയിച്ചിരുന്നു. 5000 മീറ്ററിൽ 15:14:61 മിനിറ്റിലാണ് പാരുൾ ഫിനിഷ് ചെയ്തത്. ബഹ്റൈന്റെ വിൻഫ്രഡ് യാവിക്കാണ് ഈയിനത്തിൽ സ്വർണം. ജപ്പാന്റെ നോസോമി തനാക വെങ്കലവും നേടി.വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരം വിദ്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് വിദ്യ മൂന്നാമത് ഫിനിഷ് ചെയ്തത്. ഹർഡിൽസിൽ മലയാളി താരം അനു രാഘവന് മെഡലില്ല. അനു അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടനമാണ് വിദ്യയുടേത്. നേരത്തേ 55.42 സെക്കൻഡായിരുന്നു വിദ്യയുടെ മികച്ച സമയം. പി.ടി.ഉഷയും ഇതേ സമയത്ത് മുൻപ് ഫിനിഷ് ചെയ്തിട്ടുണ്ട്. 42 വർഷങ്ങൾക്കു മുൻപ് 55 സെക്കൻഡിനു താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് പി.ടി. ഉഷ ഈ റെക്കോർട്ടിട്ടത്. എന്നാൽ 2023 ഏഷ്യൻ ഗെയിംസിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിദ്യയും ഉഷയ്ക്കൊപ്പമെത്തി. അതാണ് ഇപ്പോൾ വിദ്യ തന്നെ തകർത്തത്. പുരുഷൻമാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഗുൽവീർ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. 3:36:72 മിനിറ്റിൽ ഫിനിഷ് ചെയ്ത ജപ്പാന്റെ കസുട്ടോ ഇസാവയ്ക്കാണ് സ്വർണം. 3:36:72 മിനിറ്റിലാണ് ഇന്ത്യൻ താരം ഓടിയെത്തിയത്. താരത്തിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണിത്. ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ ഉറപ്പിച്ച് ഇന്ത്യ. വെള്ളിയും വെങ്കലവും നേടാൻ കഴിയും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories