കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവടങ്ങളിലായി നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെ അന്തിമ പട്ടിക ഫിഫ പുറത്തുവിട്ടു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 1248 കളിക്കാരാണ് വിവിധ ടീമുകളെ പ്രതിനിധീകരിച്ച് ബൂട്ടണിയുന്നത്. 104 മത്സരങ്ങളടങ്ങിയതാണ് ഇത്തവണത്തെ ടൂർണമെന്റ്.
മുൻ ലോകകപ്പുകളിൽ പങ്കെടുത്ത പരിചയസമ്പന്നരായ 357 കളിക്കാരും ആദ്യമായി ലോകവേദിയിലെത്തുന്ന 891 പുതുമുഖങ്ങളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ പട്ടിക. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവ എന്നിവർക്ക് ഇത് ആറാമത്തെ ലോകകപ്പാണ്. പരിശീലകരിൽ ഘാനയുടെ കാർലോസ് കീറോസ് അഞ്ചാമത്തെ ലോകകപ്പ് ടൂർണമെന്റിനാണ് ഇത്തവണ തയാറെടുക്കുന്നത്. കാബോ വെർദെ, കൊസോവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് ഇത് ആദ്യ ലോകകപ്പാണ്.
ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം സ്കോട്ട്‌ലൻഡിന്റെ 43-കാരനായ ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡനാണ്. ഏറ്റവും പ്രായം കുറഞ്ഞ താരം മെക്സിക്കോയുടെ 17 വയസ്സുകാരൻ ഗിൽബർട്ടോ മോറോയാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം 25 വർഷമാണ്. ടൂർണമെന്റിൽ 20 വയസ്സിൽ താഴെയുള്ള 22 കളിക്കാരും 40 വയസ്സിന് മുകളിൽ പ്രായമുള്ള 7 പേരും പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടന മത്സരത്തിന് 24 മണിക്കൂർ മുൻപ് വരെ മാത്രമേ പരിക്കോ മറ്റ് അസുഖങ്ങളോ ഉള്ള കളിക്കാർക്ക് പകരം പുതിയ ആളുകളെ ഉൾപ്പെടുത്താൻ ഫിഫയുടെ പ്രത്യേക അനുമതിയോടെ ടീമുകൾക്ക് സാധിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ