ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി പൊലീസ്. കുറ്റകരമായ നരഹത്യ ചുമത്തിയെന്നും, വാഹനം 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിചേര്‍ത്ത പതിനേഴുകാരന്റെ പിതാവ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ പൊലീസ് ചോദ്യം ചെയ്തു. ആലുവ കമ്പനിപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി.. അതെസമയം ജഡ്ജിക്കെതിരെയുള്ള നടപടി ഉടനുണ്ടാകുമെന്നാണ് വിവരം. ഹൈക്കോടതി അച്ചടക്ക സമിതി ഉടന്‍ യോഗം ചേരും. ചീഫ് ജസ്റ്റിസും നാല് മുതിര്‍ന്ന ജഡ്ജിമാരുമടക്കം ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. അച്ചടക്ക സമിതിക്ക് മുന്നില്‍ വയ്ക്കാനുള്ള റിപ്പോര്‍ട്ട് തയാറായി. തുടര്‍ന്ന് ജഡ്ജിക്കെതിരെയുള്ള നടപടി തീരുമാനിക്കും. അതിനിടെ പതിനേഴുകാരന്‍ സ്വന്തം ഇന്‍സ്റ്റാഗ്രാം പേജ് ഡിലീറ്റ് ചെയ്തു. മുന്‍പ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനായിരുന്നു ഇതെന്നാണ് വിവരം.