നെടുമ്പാശേരി മിനിക്കൂപ്പര്‍ വാഹനാപകടക്കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. സുഹൈല്‍ , നിനവ്,ജോയല്‍, അമീന്‍ഷാ എന്നിവര്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുക. പ്രതികള്‍ക്കെതിരെ കൂടുതല്‍ ദൃശ്യങ്ങളടക്കം തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അവസാനവട്ട ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം കൂടുതല്‍ ബലപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. ഇതിനായി ഡല്‍ഹിയില്‍ നിന്നുള്ള കാര്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. അപകടം നടക്കുമ്പോള്‍, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കൂടാതെ അപകടം നടന്ന റോഡിലും വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. കൂടുതല്‍ സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. അതേസമയം ജില്ലകോടതിയും ജാമ്യപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം.