Share this Article
News Malayalam 24x7
ഒളിവിലായിരുന്ന ഡോ. MK റാം പിടിയില്‍; നിതിന്‍ രാജിന്റെ ആത്മഹത്യ
Dr MK Ram

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് നിലവിൽ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 10-നാണ് ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് മാർക്ക് കുറയ്ക്കുമെന്ന ഭീഷണി, വ്യക്തിപരമായ അധിക്ഷേപങ്ങൾ, ജാതീയമായ കടന്നാക്രമണങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകളെ പരിഹസിക്കൽ തുടങ്ങി അധ്യാപകനായ ഡോ. എം.കെ. റാമിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ മാനസിക പീഡനങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.


കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ആന്ധ്രാപ്രദേശിലും കർണാടകയിലുമായി ഒളിവിലായിരുന്നു പ്രതി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്നും പൊലീസിന് ഭയമാണോ എന്നും ഹൈക്കോടതി കഴിഞ്ഞദിവസം കടുത്ത പരാമർശം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജ്ജിതമാക്കിയതും കർണാടക പൊലീസിന്റെ സഹായത്തോടെ കുടകിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തതും.


കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നേരത്തെ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ജാമ്യം നേടിയിരുന്നു. ഡോ. എം.കെ. റാമിനെ നിലവിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. മുൻപും വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളോട് ഇയാൾ മോശമായി പെരുമാറിയതായും പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories