അട്ടപ്പാടി ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.സംഭവത്തിന് പിന്നിൽ ഭര്‍ത്താവെന്ന് പൊലീസ്. ഭാര്യയെ മേലുളള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതി ബംഗാളിലേക്ക് കടന്നതായാണ് വിവരം. തോട്ടം തൊഴിലാളിയായ പ്രതിയും കുടുംബവും 20 ദിവസം മുന്‍പാണ് കേരളത്തിലേയ്ക്ക് എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഭവാനിപ്പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തലയറുത്തു മാറ്റിയ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ അറുത്തുമാറ്റാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് വരെ പുഴയില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍, മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒഴുക്കിക്കൊണ്ടുവന്നതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.