Share this Article
News Malayalam 24x7
ചെന്താമരയ്ക്ക് വധശിക്ഷ ? ശിക്ഷാ വിധി ഇന്ന്
Nenmara Double Murder Case

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി തിരുത്തംപാടം സ്വദേശിയായ സുധാകരൻ , അമ്മ ലക്ഷ്മി എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്ന് വിധി പറയുക. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31-ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ കോടതി ഇയാൾക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് പ്രതി സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം സജിതയും കുടുംബവും ചെയ്ത കൂടോത്രമാണെന്ന അന്ധവിശ്വാസവും ഇതിനെത്തുടർന്നുണ്ടായ പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


2026 ഫെബ്രുവരി 23-നാണ് ഇരട്ടക്കൊലക്കേസിലെ വിചാരണ ആരംഭിച്ചത്. കേസിലെ 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിയെ വായിച്ചുകേൾപ്പിച്ചു എങ്കിലും ചെന്താമര എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണുണ്ടായത്. കഴിഞ്ഞയാഴ്ച കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.


കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് കടുത്ത ധാർഷ്ട്യത്തോടെയാണ് പ്രതി മറുപടി നൽകിയത്. "എന്നെ തൂക്കിലേറ്റിക്കോളൂ, എനിക്ക് ഒന്നും പറയാനില്ല. ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കാൻ താൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റം" എന്നായിരുന്നു ചെന്താമര കോടതിയിൽ പറഞ്ഞത്.


പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നും മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനാൽ വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം വാദിച്ചപ്പോൾ, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് തെളിയിക്കുന്ന ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നിരപരാധികളായ മൂന്ന് ജീവനുകളെ അപഹരിച്ച പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത സ്ഥിരം കുറ്റവാളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വധശിക്ഷയ്ക്കായി വാദിക്കുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories