Share this Article
News Malayalam 24x7
മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്; ജസ്റ്റിന്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് നാട്ടുകാര്‍
 Youth Dies Following Domestic Dispute at Mankulam

മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ് വിഷം കഴിച്ചു! ഇടുക്കി മാങ്കുളം ആനക്കുളത്താണ് ഞെട്ടിക്കുന്ന സംഭവം. ഉടുമ്പക്കല്‍ ജോയിയാണ് മകന്‍ ജസ്റ്റിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മകന്‍ മരിച്ചതിന് പിന്നാലെ ജോയി കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിവിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകാനുള്ള തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.


മാങ്കുളം ആനക്കുളത്തെ വീട്ടില്‍ രാവിലെ തുടങ്ങിയ തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.മരിച്ച ജസ്റ്റിന്‍ മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിന്റെ പേരില്‍ പിതാവ് ജോയിയുമായും അമ്മയുമായും ജസ്റ്റിന്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.കുറച്ചുനാളുകളായി മാതാപിതാക്കളെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ പോലും ജസ്റ്റിന്‍ തയ്യാറായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.മൂന്ന് ദിവസം മുന്‍പും വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.ജസ്റ്റിനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ എത്തിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചതാണ് തര്‍ക്കത്തിനും തുടക്കമിട്ടത്.രാവിലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കയ്യാങ്കളിയിലേക്കും എത്തി.ഇതിനിടെ ജസ്റ്റിന്‍ പിതാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് വിവരം.ജോയി വടി പിടിച്ചുവാങ്ങി ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ ബോധരഹിതനായി വീട്ടില്‍ തന്നെ വീണു.തുടര്‍ന്ന് ജസ്റ്റിന്‍ മരിക്കുകയായിരുന്നു.


മകന്‍ മരിച്ചെന്ന് മനസ്സിലാക്കിയതോടെ ജോയി ഭയന്നുപോയി.വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.തുടര്‍ന്ന് മാങ്കുളം പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരോട് ജോയി തന്നെയാണ് വിവരം അറിയിച്ചത്.ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ജോയിയെ ആശുപത്രിയിലെത്തിച്ചു.ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരമായതോടെ ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവമറിഞ്ഞ് മൂന്നാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകത്തിന്റെ സാഹചര്യങ്ങളും സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories