കോഴിക്കോട്ടേക്ക് ട്രെയിൻ കയറാനായി ആലുവയിലെത്തിയപ്പോഴായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടന്നുപോകവെ ആളൊഴിഞ്ഞ വഴിയിൽ വെച്ചാണ് അപരിചിതരായ രണ്ടുപേർ ഇയാളെ ആക്രമിച്ചത്.
അക്രമികൾ ആദ്യം ജോഫിന്റെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജോഫിൻ ഭയന്നോടാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്നെത്തി പിടികൂടി ക്രൂരമായി മർദിച്ചു. തുടർന്ന് കഴുത്തിൽ കിടന്ന സ്വർണമാലയും കൈവശമുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു.
കവർച്ചയ്ക്ക് ശേഷവും അക്രമികൾ ക്രൂരത തുടർന്നു. ജോഫിനെ കയറുകൊണ്ട് വരിഞ്ഞുമുറുക്കി സമീപത്തെ കനാലിലേക്ക് ചവിട്ടിയിട്ട് വലിച്ചിഴയ്ക്കുകയും കരിങ്കല്ലുകൊണ്ട് നെഞ്ചിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ അക്രമത്തിനുശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പിന്നീട് ജോഫിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ചോരയിൽ കുളിച്ചുകിടന്ന യുവാവിനെ കനാലിൽ നിന്ന് കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.