മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് കാണാൻ ഇനിയും കാത്തിരിക്കണം.ഏപ്രിൽ 23 ന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോഴിതാ മാറ്റിവച്ചു. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അപ്രതീക്ഷിതമായി ഉണ്ടായ ചില പ്രതിസന്ധികൾ കാരണമാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുന്നത് എന്നതാണ് നിർമ്മാതാവ് ആന്റോ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചത്.മലയാളസിനിമയിലെ യുവനിരയുടെ വലിയൊരു സാന്നിധ്യം ചിത്രത്തിലുണ്ട്. ഫഹദ് ഫാസിൽ,കുഞ്ചാക്കോ ബോബൻ എന്നിവർ മുതൽ നയൻതാരയും ദർശന രാജേന്ദ്രനും സെറിൻ ഷിഹാബും വരെ നീളുന്നു ആ പട്ടിക.
ആന്റോ ജോസഫിന്റെ കുറിപ്പ്
"പ്രേട്രിയറ്റ് നിങ്ങൾക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ, നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മർദം മൂലം, ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23 ൽ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നാളെ വൈകീട്ട് 6 മണിക്ക് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിടും. നിങ്ങളുടെസ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു."