Share this Article
News Malayalam 24x7
‘തെറ്റായ ആളെയാണ് വിവാഹം ചെയ്തതെന്ന് തോന്നുന്നു’;അന്നുമുതൽ തന്നെ വളരെ മോശം വ്യക്തിയാക്കി; കുഞ്ഞിനെയും ഉപേക്ഷിക്കുന്നു: ഞെട്ടിക്കുന്ന കുറിപ്പുമായി നടൻ പ്രദീപ് ആന്റണി
വെബ് ടീം
9 hours 46 Minutes Ago
1 min read
pradeep antony

ഭാര്യയുമായി വേർപിരിഞ്ഞെന്നും കുഞ്ഞിനെ വേണ്ടെന്ന് വച്ചെന്നും വെളിപ്പെടുത്തി ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് നടൻ പ്രദീപ് ആന്റണി. തന്റെ ലോകം മനസിലാക്കാൻ കഴിഞ്ഞില്ലെന്നും ഭാര്യയുമായി മാനസികമായി അകന്നെന്നും തെറ്റായ ഒരാളെയാണ് ജീവിതത്തിൽ വിവാഹം കഴിച്ചതെന്നും പ്രദീപ് കുറിച്ചു. കുഞ്ഞ് ഭാര്യയുടെ കൂടെ ആണെന്നും താൻ എന്നത്തേയും പോലെ അനാഥനായെന്നും  പ്രദീപ് വെളിപ്പെടുത്തി. പരസ്പരം വെറുത്ത് വഴക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ആ കുഞ്ഞ് അമ്മയുടെ കൂടെയായിരിക്കുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്ന് താരം പറയുന്നു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.

2024 നവംബറിലായിരുന്നു പൂജ ശക്തിയുമായുള്ള പ്രദീപിന്റെ വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ‘അരുവി’, ‘ദാദ’, ‘വാഴൽ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് പ്രദീപ്. തമിഴ് ബിഗ് ബോസ് സീസൺ സെവൻ മത്സരാർഥി കൂടിയായിരുന്നു പ്രദീപ്.‘‘ഈ കുഞ്ഞിനെ വിൽക്കുന്നതിനെക്കുറിച്ച് എന്റെ കൂട്ടുകാരുമായി ഞാൻ പലപ്പോഴും തമാശകൾ പറഞ്ഞിട്ടുണ്ട്. ഒന്നിനും കൊള്ളാത്ത, ഉത്തരവാദിത്തമില്ലാത്ത ഒരാളെന്ന നിലയിൽ കുഞ്ഞിനെ നോക്കാൻ പറ്റിയവനല്ലെന്ന് ഞാൻ കരുതി. പൂജ ഗർഭിണിയായപ്പോൾ, ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ആളുകളോട് സ്ഥലം റിസർവ് ചെയ്യാനും ലക്ഷങ്ങൾ തരാനും ഞാൻ ആവശ്യപ്പെട്ടു. പക്ഷേ അത് ലോകത്തേക്ക് വന്നപ്പോൾ, എനിക്കതിനോട് ഒരുതരം അടുപ്പം തോന്നി. അത് എന്റെ വാക്കുകൾ സന്തോഷത്തോടെ കേട്ടു, എന്റെ കൈകളിൽ ഒരു സന്തോഷം ഉള്ളതുകൊണ്ട് ഓരോ ദിവസവും ഞാൻ ഒരു പുതിയ മനുഷ്യനായി മാറി. പക്ഷേ അതിപ്പോൾ ഇല്ല.

ആ കുഞ്ഞിനൊപ്പം എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞിരുന്ന അവസാന നിമിഷങ്ങളായിരുന്നു ഇത്. ആ സംഭവം കഴിഞ്ഞിട്ട് ഒരു മാസമായി. ഒരു മാസം മുൻപ് ഞാൻ ആ കുഞ്ഞിനെ വേണ്ടെന്ന് വച്ചു. ഒരു കുടുംബം ഉണ്ടാകാനും, നല്ലൊരു അച്ഛനാകാനും, ഞാൻ വളർന്നുവന്ന സാഹചര്യത്തിന് നേർ വിപരീതമായൊരന്തരീക്ഷം നൽകാനും എന്നും ആഗ്രഹിച്ചിരുന്നതുകൊണ്ട്, ഇത് എന്നെ ഉള്ളിൽ നിന്ന് പതിയെ കാർന്നുതിന്നുകയാണ്. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. നമ്മൾ ഏറ്റവും ഭയക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ പഠിച്ചു.എനിക്കൊരു തെറ്റ് പറ്റി. ഞാൻ തെറ്റായ ആളെയാണ് വിവാഹം ചെയ്തതെന്ന് തോന്നുന്നു, അന്നുമുതൽ അത് എന്നെ ഓരോ ദിവസവും വളരെ മോശം വ്യക്തിയാക്കി മാറ്റി. എന്റെ ലോകത്തിന്റെ ഭാഗമല്ലാത്ത, അതിനെ മനസ്സിലാക്കാത്ത, അതിന്റെ ഭാഗമാകാൻ ശ്രമിക്കാത്ത ഒരാളോടൊപ്പമാണ് ഞാൻ ഓരോ ദിവസവും ഉണർന്നിരുന്നത്. അവൾ ഇപ്പോഴും അവളുടെ കുടുംബത്തിലും ജീവിതത്തിലും ഒതുങ്ങിക്കൂടി. ഞാൻ ഓരോ ദിവസവും ഒരാളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി. മറ്റൊരാളോടൊപ്പം സന്തോഷമായി ജീവിക്കാൻ എനിക്ക് ശരിക്കും അറിയില്ല. രണ്ട് വ്യത്യസ്ത സ്വഭാവക്കാർ ദിവസവും തമ്മിൽ തല്ലുകയും, അവർ ആയിരിക്കുന്നതിന് പരസ്പരം വെറുക്കുകയും ചെയ്യുന്നതുപോലെയായിരുന്നു അത്. ഞങ്ങൾക്കിരുവർക്കും അത് നീതികേടായി തോന്നി.

എന്റെ മുൻബന്ധത്തിൽ ഞാൻ ദുർബലനായിരുന്നു, ആ ദുർബല നിമിഷത്തിൽ എവിടെ നിന്നെങ്കിലും ലഭിക്കുന്ന സ്നേഹം മുറുകെ പിടിക്കുകയും, ഈ നിമിഷം വരെ അതിനോട് വിശ്വസ്തനായി തുടരുകയും ചെയ്തു. അതിനെനിക്ക് ഒരുപാട് വില നൽകേണ്ടി വന്നു. എന്റെ ദൗർബല്യവും സ്നേഹത്തിനായുള്ള കൊതിയും. ഈ ബന്ധത്തിൽ ശ്വാസം മുട്ടുന്നത് പോലെയാണ് അനുഭവപ്പെട്ടിരുന്നത്, അതുകൊണ്ട് ഞാൻ ഈ വിവാഹബന്ധത്തിൽ നിന്ന് മാറാൻ തീരുമാനിച്ചു. ഇനി അവൾക്കും എന്നോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും, ആ കുഞ്ഞിനെ ഞാനിന്ന് ഓർത്തുപോയി. അതിന് ഒരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സിൽ അത് എന്നും ‘അത്’ മാത്രമായിരുന്നു.ഞാൻ എന്റെ വികാരങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞതിനാൽ ഇനി തുടർച്ചയായി കോളുകൾ വരും. പറയുന്നതിൽ നിന്ന് എന്നെ നിശ്ശബ്ദനാക്കാൻ ആളുകൾ വിളിക്കും. പക്ഷേ എനിക്ക് ശരിക്കും ആരോടും സംസാരിക്കാനില്ല. പരസ്പരം വെറുത്ത് വഴക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ ആ കുഞ്ഞ് അമ്മയുടെ കൂടെയായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.ഞാൻ എന്നെന്നേക്കുമായി അനാഥനായി തുടരുമെന്ന ശാപം ഞാൻ ഏറ്റെടുത്തു.’’ ഇങ്ങനെ പോകുന്നു പ്രദീപ് ആന്റണിയുടെ കുറിപ്പ്.

പ്രദീപിന്റെ കുറിപ്പും വിഡിയോയും ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories