നടൻ പ്രേംകുമാറിന് സി.പി.എമ്മുമായി പാർട്ടി തലത്തിൽ യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സാംസ്കാരിക രംഗത്തുള്ളവരുമായി പാർട്ടി പുലർത്തുന്ന വിപുലമായ ബന്ധത്തിന്റെ ഭാഗമായി പ്രേംകുമാർ പാർട്ടിയുമായി സഹകരിച്ചിരുന്ന ഒരാൾ മാത്രമായിരുന്നു. അദ്ദേഹം പാർട്ടി വിട്ടോ എന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ബേബി വ്യക്തമാക്കി.
കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരാനാണ് സാധ്യതയെന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവനയെ മുൻനിർത്തി ബേബി പ്രതിപക്ഷത്തെ പരിഹസിച്ചു. മണിശങ്കർ അയ്യരുടെ ഈ പ്രവചനം കണ്ടിട്ടായിരിക്കും കേരള രാഷ്ട്രീയത്തിൽ 'വിസ്മയങ്ങൾ' സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികളിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. സാംസ്കാരിക പ്രവർത്തകരെയും പാർട്ടിയിൽ അംഗങ്ങളല്ലാത്തവരെയും സഹകരിപ്പിക്കുന്ന നിലപാടാണ് പാർട്ടി എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.