കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ടിനും പൈതല്മലക്കുമൊപ്പം സഞ്ചാരികളുടെ ഇഷ്ടസങ്കേതമായി മാറുകയാണ് ചാത്തമംഗലം മലനിരകള്‍. നിരവധി വിനോദസഞ്ചാരികളാണ് ചാത്തമംഗലം മലനിരകളുടെ ഭംഗി ആസ്വദിക്കാനായി ദിവസവും ഇവിടെ എത്തിച്ചേരുന്നത്.
കിലോമീറ്ററുകളോളം പുൽതൈലം ചെടികൾ നിറഞ്ഞ ദുർഘടമായ പാതയോരം, അവസാനം മണ്ണും വിണ്ണും ഒന്നായി ചേരുന്ന ഒരു സുന്ദര കാഴ്ച. തണുത്ത മഴയും കുളിരണിയിക്കുന്ന ഇളം തെന്നലും വെള്ള പുതച്ച കോട മഞ്ഞുമാണ് ഇവിടം സുന്ദരമാക്കുന്നത്.
ചെറുപുഴ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകള്‍ അതിരിടുന്ന ഈ മലനിരകളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന കുന്നാണ് തെരുവമല അഥവാ ചാത്തമംഗലം മല. ഇരുന്നൂറിലധികം ഏക്കര്‍ വിസ്തൃതമായ പുല്‍മേടാണ് ഈ തെരുവമല. മലമുകളില്‍ നിന്നു നോക്കിയാൽ പൈതൽ മലയും കുടകുമലനിരകളും വ്യക്തമായി കണ്ടാസ്വദിക്കാം. ഒപ്പം സമീപ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും കാര്യങ്കോട്, രയറോം പുഴകളും സമ്മാനിക്കുന്ന ദൃശ്യഭംഗിയും അതീ മനോഹരമാണ്
മലകയറിയെത്തുന്ന കോടമഞ്ഞിന്റെ തണുപ്പ് തെരുവമലയിലെത്തുന്നവരെ കുളിരണിയിക്കും.മഴപെയ്യുമ്പോള്‍ ഏഴഴകാണ് ചാത്തമംഗലത്തിന്. ഓരോ നേരവും പ്രകൃതി ഒരുക്കുന്ന പ്രത്യേക കാഴ്ച വിരുന്ന് ഇവിടെ നിന്നും കാണാൻ സാധിക്കും. ഇതൊക്കെ തന്നെയാണ് സഞ്ചാരികളെ കൂടുതൽ ഇവിടേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണവും