Share this Article
News Malayalam 24x7
ഭിന്നശേഷിക്കാര്‍ക്കായി വീടെന്ന സ്വപ്നം; സൈക്കിള്‍ കാരവനില്‍ യുവാക്കളുടെ അഖിലേന്ത്യാ സന്ദർശനം
വെബ് ടീം
posted on 28-06-2023
1 min read
All India Trip of 3 Youth  in Cycle Caravan  for Charity

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും സൈക്കിള്‍ കാരവനില്‍ അഖിലേന്ത്യാ സന്ദർശനം നടത്തുകയാണ് മൂന്ന് ചെറുപ്പക്കാര്‍. വെറുതെ സ്ഥലം കണ്ട് തിരിച്ചെത്തുക എന്നതിനേക്കാള്‍ ഉപരി വലിയ ഒരു ലക്ഷ്യം 2021ല്‍ ആരംഭിച്ച ഈ യാത്രക്കു പിന്നിലുണ്ട്. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്നതിനൊപ്പം ജനങ്ങളില്‍ നിന്നും ഒരു രൂപാ വീതം സമാഹരിച്ച് ഭിന്നശേഷിക്കാരായ വ്യക്തികളുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടിയാണ് ഇവര്‍ സഞ്ചരിക്കുന്നത്.

2021 ഡിസംബര്‍ പത്തിനാണ് സൃഹൃത്തുക്കളായ വയനാട് സ്വദേശി റിനീഷും കോഴിക്കോട് സ്വദേശിയായ ലെജിനും സുല്‍ത്താന്‍ ബത്തേരി അമ്പലവയലില്‍ നിന്നും യാത്ര തിരിക്കുന്നത്. ഓള്‍ ഇന്ത്യ സന്ദര്‍ശനത്തിന് ഒപ്പം ആ യാത്ര കൊണ്ട് എന്തെങ്കിലും സാമൂഹ്യസേവനം നടത്തണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തമായി ഉപജീവന മാര്‍ഗം നേടാനാവാത്ത ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വീട് പണിത് കൊടുക്കാമെന്ന് തീരുമാനിച്ചത്.

ഇതിനായി സൈക്കിള്‍ കാരവനിലൂടെ ,കടന്ന് പോകുന്ന പ്രദേശങ്ങളിലെ ആളുകളില്‍ നിന്നു ഒരു രൂപ വീതം സമാഹരിച്ച് വീടില്ലാതെ കഴിയുന്ന ഭിന്നശേഷിക്കാരായ ഏതെങ്കിലും അഞ്ച് പേര്‍ക്ക് സ്ഥലം വാങ്ങി വീട് പണിത് നല്‍കാമെന്ന ഉദ്ദേശത്തോടെ യാത്ര ആരംഭിച്ചു. രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് കണ്ണൂര്‍ സ്വദേശി ശാലിനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒന്നര വര്‍ഷക്കാലമായി യാത്രയിലൂടെ ഏഴ് ജില്ലകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി. ഇവിടെ നിന്നും സമാഹരിച്ച പണം കൊണ്ട് വയനാട്ടില്‍ 22 സെന്റ് സ്ഥലം വാങ്ങി. അഞ്ച് വീടുകള്‍ക്കുള്ള പണിയും തുടങ്ങി കഴിഞ്ഞു. വീടിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ നോക്കുന്നത് മറ്റ് സുഹൃത്തുക്കള്‍ തന്നെയാണെന്ന് റിനീഷ് പറയുന്നു.

മഞ്ഞ പെയിന്റടിച്ച സൈക്കിള്‍ കാരവനില്‍ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇവര്‍ യാത്ര ചെയ്യുന്നത്. യാത്രയുടെ ലക്ഷ്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രത്തില്‍ ഒരു രൂപനാണയത്തിന്റെ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു സേവനത്തിന് പ്രചോദിപ്പിച്ചതെന്ന് റിനീഷും സംഘവും പറയുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories