കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. പ്രതികൾ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടു പോകപ്പെട്ട അനൂസ് റോഷനെയും പ്രതികളെയും കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കി.
ഇക്കഴിഞ്ഞ 17നാണ് കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിലെ അനൂസ് റോഷനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഈ കേസിൽ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുന്ന പിന്നാലെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
പ്രതികൾ കാറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചെങ്കിലും തട്ടിക്കൊണ്ടു പോകപ്പെട്ട അനൂസ് റോഷനെയോ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ പ്രതികളെയോ കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതികൾ എന്ന് സംശയിക്കുന്ന ഷബീർ, ജാഫർ, നിയാസ് എന്നിവരുടെ ചിത്രങ്ങൾ സഹിതം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാഫറും നിയാസും ഒരുമിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.