എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ വലിച്ചെറിഞ്ഞ മൂഴിക്കുളം പാലത്തിൽ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത് അറിഞ്ഞില്ലെന്ന് അമ്മ മൊഴി നൽകി.. അതേസമയം അച്ഛന്റെ സഹോദരനുവേണ്ടി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കുഞ്ഞിനെ വലിച്ചെറിഞ്ഞ മൂഴിക്കുളം പാലത്തിൽ എത്തിച്ചാണ് അമ്മയുമായി ആദ്യ തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ എറിഞ്ഞ സ്ഥലവും എറിഞ്ഞ രീതിയും അമ്മ പൊലീസിന് വിശദീകരിച്ചു. ജനരോക്ഷം കണക്കിലെടുത്ത് വൻ സുരക്ഷയോടെയായിരുന്നു തെളിവെടുപ്പിന് കൊണ്ടുവന്നത്. അതേസമയം പ്രതിയായ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത് അറിഞ്ഞില്ലെന്നാണ് അമ്മ മൊഴി നൽകിയത്.ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യം കാണിച്ചത് അസ്വസ്ഥതപ്പെടുത്തി.
കുട്ടിയിൽ നിന്ന് തന്നെ ഭർത്താവിന്റെ കുടുംബം അകറ്റുന്നതായി തോന്നിയെന്നും ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വിവരം കിട്ടിയിരുന്നുവെന്നും അമ്മ മൊഴി നൽകി. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായെന്നും അതിനാലാണ് കൊലപാതകം നടത്തിയതുമാണ് അമ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ അമ്മയുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും പിതൃസഹോദരനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.