ലോകത്തിലേക്ക് വികസന വഴി തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യയ്ക്കും കേരളത്തിനും നേട്ടമെന്ന് നരേന്ദ്രമോദി. പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എൽഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി. കമ്മീഷനങ്ങിന് ശേഷം പ്രധാനമന്ത്രി സംസ്ഥാനത്ത് നിന്ന് മടങ്ങി.
ലോക തുറമുഖവ്യാപാര ഭൂപടത്തിലേക്കുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവേശന കവാടം തുറന്നുകഴിഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കടലോളം സ്വപ്നങ്ങളും പേറിയുള്ള കേരളത്തിന്റെ അഭിമാന പദ്ധതിയുടെ കുത്തിപ്പിന് ഒന്നുകൂടി ആക്കം കൂടുന്നു. ജനപ്രതിനിധികളെയും പൊതുജനത്തെയും സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് പ്രസംഗിച്ചത്.
തുറമുഖ നിർമാണത്തിലെ മുഴുവൻ കണക്കുകളും അവതരിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തുറമുഖത്തിന്റെ ഏറിയ പങ്കും വഹിച്ചത് കേരളമാണെന്നും പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എൽഡിഎഫ് സർക്കാരെന്ന് മുഖ്യമന്ത്രി..
രാവിലെ ഹെലികോപ്റ്റർ മാർഗം രാജ് ഭവനിൽ നിന്ന് തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയർത്താമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തിയ പ്രധാനമന്ത്രി എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ സംസ്ഥാനത്ത് നിന്ന് മടങ്ങി.