തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കാട്ടിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിശദമായ വാദം കേള്‍ക്കുക. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കേരളത്തിന്റെ വനാതിര്‍ത്തിയിലേക്ക് കൊമ്പനെ തിരിച്ചെത്തിക്കണമെന്നും ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്. അതേസമയം ആനയെ തല്‍കാലം കാട്ടിലേക്ക് അയക്കില്ല. അരിക്കൊമ്പന്റെ തുമ്പിക്കൈക്കേറ്റ മുറിവ് ചികിത്സിച്ച ശേഷമാണ് ആനയെ കാട്ടിലേക്ക് അയക്കുക എന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.