ഇടപ്പള്ളിയിൽ നിന്ന് പതിമൂന്നുകാരനെ ഇന്നലെ ആണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി ഇന്നലെ വൈകുന്നേരം തൊടുപുഴയിൽ എത്തിയപ്പോൾ കൂട്ടിക്കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കും.
പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുക്കുക. കുട്ടി തൊടുപുഴയിൽ ഇറങ്ങിയത് മുതൽ ഇയാൾ കസ്റ്റഡിയില്‍ വെച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷം കുട്ടിയുടെ ദേഹത്ത് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ മുഖത്ത് ഇതിന്‍റെ പാട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കൊച്ചി എളമക്കര പൊലീസന് കൈമാറും.
ഇന്നലെ മുതൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ മൂവാറ്റുപുഴ വരെ എത്തിയിരുന്നു. തുടർന്നാണ് കുട്ടി തൊടുപുഴയിൽ ഉണ്ടെന്ന് വിവരം കിട്ടിയത്. തൊടുപുഴ ബസ്റ്റാൻഡിലെ കൈ നോട്ടക്കാരനാണ് കുട്ടിയുടെ വിവരം വിളിച്ച് പറഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
സ്‌കൂളിൽ സേ പരീക്ഷ എഴുതാൻ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.