ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവെന്ന് പരാതി. ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചതായി കുടുംബം ആരോപിച്ചു... ചോറ്റാനിക്കര സ്വദേശി ബിജു തോമസാണ് മരിച്ചത്. നടുവേദനയ്ക്കുള്ള കീ ഹോൾ ശസ്ത്രക്രിയയിലെ പിഴവ് കാരണമാണ് രോഗി മരിച്ചതെന്നാണ് കുടുംബം പറയുന്നത്... ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിക്കെതിരെ എടത്തല പൊലീസ് കേസെടുത്തു.
നടുവേദനയെ തുടർന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ 25നാണ് ബിജു തോമസ് രാജഗിരി ആശുപത്രിയിൽ എത്തിയത്. തുടർന്ന് കീ ഹോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും വയറുവേദന അനുഭവപ്പെട്ടതിനേ തുടർന്ന് സ്കാനിങ് ഒന്നും നടത്താതെ ഡോക്ടർ ഗ്യാസിനുള്ള മരുന്ന് നൽകിയെന്നും കുടുംബം പറഞ്ഞു.
പിറ്റേദിവസം, വേദന കഠിനമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നാലെ രണ്ട് ശസ്ത്രക്രിയകളും ഡയാലിസിസും നടത്തിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ബിജുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.... അതേസമയം രോഗിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം....