അമ്മയുടെ സ്നേഹം ലഭിക്കാത്തതിനെത്തുടർന്ന് ഒരു പാവക്കുട്ടിയെ സ്വന്തം അമ്മയായി കരുതി വളരുന്ന കുട്ടികുരങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ 'പഞ്ച്-കുൻ' എന്ന മക്കാക്ക് കുട്ടികുരങ്ങാണ് ഇപ്പോൾ ലോകത്തിന്റെ നൊമ്പരമാകുന്നത്. ഭയം തോന്നുമ്പോഴോ മറ്റുള്ളവരുടെ ആക്രമണം നേരിടുമ്പോഴോ പഞ്ച്-കുൻ ഓടിയെത്തുന്നത് മൃഗശാലാ ജീവനക്കാർ നൽകിയ ഒരു ഓറഞ്ച് പാവയുടെ അടുത്തേക്കാണ്.
കൈവിട്ട അമ്മ, കൂടെക്കൂട്ടിയ പാവ
2025 ജൂലൈ 26-നാണ് പഞ്ച്-കുൻ ജനിച്ചത്. ജനനസമയത്ത് വെറും 500 ഗ്രാം മാത്രമായിരുന്നു ഭാരം. കടുത്ത ചൂടും പ്രസവക്ഷീണവും കാരണം അമ്മക്കുരങ്ങ് കുഞ്ഞിനെ ഉപേക്ഷിച്ചു. കൂട്ടത്തിലെ മറ്റ് കുരങ്ങുകളും കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മൃഗശാലാ ജീവനക്കാർ കുപ്പപ്പാൽ നൽകിയാണ് പഞ്ച്-കുനെ വളർത്തിയത്. കളിക്കാനായി നൽകിയ വസ്തുക്കളിൽ നിന്ന് അവൻ തിരഞ്ഞെടുത്തത് ഓറഞ്ച് നിറമുള്ള ഒരു ഒറാങ്ങുട്ടാൻ പാവയെയാണ്. 'ഓറ-മോം' എന്ന് സോഷ്യൽ മീഡിയ വിളിക്കുന്ന ഈ പാവയാണ് പഞ്ച്-കുന്റെ ഏക ആശ്വാസം.
ശാസ്ത്രം പറയുന്നത്
ഭക്ഷണത്തേക്കാൾ കുട്ടികുരങ്ങുകൾ ആഗ്രഹിക്കുന്നത് സ്പർശനത്തിലൂടെ ലഭിക്കുന്ന സുരക്ഷാബോധമാണെന്ന് (Touch Comfort) ശാസ്ത്രം പറയുന്നു. 1958-ൽ ഹാരി ഹാർലോ നടത്തിയ പ്രശസ്തമായ പരീക്ഷണത്തിന്റെ ആവർത്തനമാണ് പഞ്ച്-കുന്റെ കാര്യത്തിലും സംഭവിക്കുന്നത്. കമ്പിയിൽ തീർത്ത 'അമ്മ' പാൽ നൽകിയാലും, കുഞ്ഞുങ്ങൾ അഭയം തേടുന്നത് പാൽ നൽകില്ലെങ്കിലും മൃദുവായ തുണികൊണ്ട് നിർമ്മിച്ച 'അമ്മയുടെ' അടുത്തേക്കാണ്. പഞ്ച്-കുന് ഈ സുരക്ഷിതത്വം നൽകുന്നത് അവന്റെ ഈ പാവക്കുട്ടിയാണ്.
കൂട്ടത്തിൽ ഒറ്റപ്പെട്ട് പഞ്ച്-കുൻ
2026 ജനുവരിയിൽ പഞ്ച്-കുനെ അറുപതോളം കുരങ്ങുകളുള്ള വലിയ കൂട്ടത്തിലേക്ക് തുറന്നുവിട്ടെങ്കിലും അവന് മറ്റ് കുരങ്ങുകളുമായി ഇണങ്ങിച്ചേരാൻ സാധിച്ചിട്ടില്ല. പാവക്കുട്ടിയെ അമ്മയായി കാണുന്ന പഞ്ച്-കുന്റെ പെരുമാറ്റം മറ്റ് കുരങ്ങുകളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ഒരു പെൺകുരങ്ങ് പഞ്ച്-കുനെ പിടിച്ചു വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാമൂഹികമായ ഇടപെടലുകൾ വശമില്ലാത്തതാണ് അവൻ ആക്രമിക്കപ്പെടാൻ കാരണം.
പ്രതീക്ഷയോടെ അധികൃതർ
എങ്കിലും പഞ്ച്-കുൻ പതുക്കെ മാറ്റങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന് മൃഗശാലാ അധികൃതർ പറയുന്നു. ജീവനക്കാർ അടുത്തുചെല്ലുമ്പോൾ അവൻ അവരുടെ കാലുകളിൽ കെട്ടിപ്പിടിക്കാറുണ്ട്. പതുക്കെയാണെങ്കിലും മറ്റ് കുരങ്ങുകളുമായി ചെറിയ രീതിയിലുള്ള ഇടപെടലുകൾ അവൻ ആരംഭിച്ചിട്ടുണ്ട്. താമസിയാതെ പഞ്ച്-കുൻ ഒരു സാധാരണ കുരങ്ങനെപ്പോലെ ജീവിക്കാൻ പഠിക്കുമെന്ന പ്രതീക്ഷയിലാണ് മൃഗശാലാ ജീവനക്കാരും ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളും.