നെടുമങ്ങാട് ഒന്നര വയസ്സുകാരനായ കുഞ്ഞിന്റെ മരണത്തിൽ പ്രതി അഷ്കർ കുറ്റം സമ്മതിച്ചു. കുട്ടി കരഞ്ഞതിലുള്ള പ്രകോപനമാണ് ക്രൂരമായ മർദ്ദനത്തിന് കാരണമായതെന്നും കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതായും അഷ്കർ പൊലീസിന് മൊഴി നൽകി.
കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായി 51 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ശരീരത്തിൽ പലയിടങ്ങളിലും പൊള്ളലേറ്റ പാടുകളും ഉണങ്ങാത്ത പഴയ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. കളിക്കുന്നതിനിടയിൽ സൈക്കിളിൽ നിന്ന് വീണതാണെന്നാണ് അന്ന് പ്രതി മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ കുഞ്ഞിന്റെ കൈകൾ തല്ലിയൊടിച്ചതാണെന്ന് പ്രതി ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.
കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടുവെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
കുഞ്ഞിന്റെ അമ്മയായ അഖിലയുമായി കഴിഞ്ഞ ആറുമാസമായി അഷ്കർ ഒന്നിച്ച് താമസിക്കുകയായിരുന്നു. പ്രതിക്കെതിരെ മുൻപും ഗാർഹിക പീഡന പരാതികളും സാമ്പത്തിക തട്ടിപ്പ് കേസുകളും ഉണ്ടായിരുന്നിട്ടും പൊലീസ് മുൻപ് ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.