കലൂരിൽ അശ്ലീല കമന്റ് ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ അലി ഉൾപ്പെടെ ഒളിവിലുള്ള ഏഴ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ എറണാകുളം ജില്ല വിട്ടതായാണ് പൊലീസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ കലൂർ ചക്കരപ്പറമ്പിൽ വെച്ചാണ് പെൺകുട്ടികൾക്ക് നേരെ അതിക്രമമുണ്ടായത്. ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അക്ബർ അലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ലൈംഗികച്ചുവയോടെ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം പെൺകുട്ടികളെ നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരായ പെൺകുട്ടികളുടെ വസ്ത്രധാരണത്തെ ആക്ഷേപിക്കുകയും പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയതിനെ ചോദ്യം ചെയ്യുകയും ചെയ്ത പോലീസുകാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.