കണ്ണൂർ കേളകം കണിചാറിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിചാർ സ്വദേശിനി ഗീതമ്മയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഇവർ. സംഭവത്തിന് ശേഷം ഗീതമ്മയുടെ മകൻ ക്രിസ്റ്റി കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വീട്ടിലെ കിടപ്പുമുറിയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ക്രിസ്റ്റി കത്തി ഉപയോഗിച്ച് ഗീതമ്മയുടെ കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീതമ്മ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നും ഇവർ തമ്മിൽ വീട്ടിൽ നേരത്തെയും പലതവണ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗീതമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേളകം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹിളാ മോർച്ച നേതാവിന്റെ ദാരുണാന്ത്യം നാട്ടുകാരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.