Share this Article
News Malayalam 24x7
നിതിൻ രാജിൻ്റെ മരണം; അധ്യാപകരുടെ വിധി ഇന്ന്
Nitin Raj Death Case

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക ഡോ. സംഗീത എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹർജിയിൽ വാദം പൂർത്തിയായത്.

നിതിൻ രാജിനെതിരെ ഡോ. റാം ജാതി അധിക്ഷേപം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയത് മറ്റുള്ളവരുടെ സഹതാപം കിട്ടാനാണെന്ന് ഡോ. റാം മറ്റ് വിദ്യാർത്ഥികളോട് പറഞ്ഞതായി മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.


എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ ഒരു മാസം മുൻപുള്ളതാണെന്നും ലോൺ ആപ്പുകളുടെ ഭീഷണിയാണ് നിതിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ഡോ. റാമിന്റെ വാദം. സംഭവദിവസം താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയിൽ വ്യക്തമാക്കി. നിതിൻ രാജിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. അധ്യാപകരുടെ ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് കേസിൽ നിർണ്ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories