നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതി സജി തന്റെ അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. അമ്മയെ മുഖത്തടിച്ച് വീഴ്ത്തിയ ശേഷം ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് സജി മൊഴി നൽകി. റെജിയെ കഴുത്തിൽ തോർത്തുമുറുക്കിയും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടത്തിയ ശേഷം മൂന്ന് ദിവസത്തോളം മൃതദേഹങ്ങൾ വീട്ടിൽ സൂക്ഷിച്ചതായും പ്രതി വെളിപ്പെടുത്തി. വീടിനു പിന്നിലുള്ള പഴയ ചാണകക്കുഴിയിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടുകയായിരുന്നു. അന്ന് ഏപ്രിൽ നാലാം തീയതി രാത്രി മദ്യലഹരിയിലായിരുന്ന സജി, റെജിയുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസ്തി സംബന്ധമായ തർക്കങ്ങളും മദ്യപാനത്തെ ചൊല്ലിയുള്ള കലഹങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ പ്രതി സജിയെ വീടിനു സമീപത്തെ പറമ്പിൽ ഒളിച്ചിരിക്കുന്ന നിലയിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ പിതാവ് മാത്യുവിനെ 2018 മുതൽ കാണാനില്ലെന്ന കാര്യത്തിലും അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.