Share this Article
News Malayalam 24x7
നെടുംകണ്ടം ഇരട്ട കൊലപാതകം; മാത്യുവിൻ്റെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു
Nedumkandam Double Murder Case

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടാം ദിവസവും തുടരുന്നു. സജി തന്റെ അമ്മ മേരിക്കുട്ടിയെയും സഹോദരൻ റജിയെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ സ്ഥലത്തിന് സമീപം തന്നെയാണ് മാത്യുവിനായും പൊലീസ് പരിശോധന നടത്തുന്നത്. ജെസിബി ഉപയോഗിച്ച് വീടിന്റെ പിൻഭാഗത്തെ വിവിധ സ്ഥലങ്ങളിൽ കുഴിയെടുത്താണ് തെളിവെടുപ്പ് നടക്കുന്നത്.

ആദ്യ ദിനത്തിലെ പരിശോധനയിൽ ചില എല്ലിൻ കഷ്ണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇത് മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പ്രാഥമിക നിഗമനത്തിൽ ഇവ മൃഗങ്ങളുടേതാകാമെന്നാണ് കരുതുന്നത്. പ്രതി സജി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. സജിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടുതൽ തെളിവുകൾക്കായി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.


2018 മാർച്ച് 3-നാണ് മാത്യുവിനെ കാണാതായത്. മകളുടെ ചികിത്സാവശ്യത്തിനായി കട്ടപ്പനയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടിൽ നിന്നിറങ്ങിയത്. ഇയാൾ ബസ്സിൽ കയറി പോകുന്നത് കണ്ടവരുമുണ്ട്. എന്നാൽ, പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. തന്റെ പിതാവിനെ കാണാനില്ലെന്ന് കാണിച്ച് മകൻ റജി അന്ന് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസിന് വ്യക്തമായ തെളിവുകളൊന്നും അന്ന് ലഭിച്ചിരുന്നില്ല. എട്ടു വർഷത്തിന് ശേഷം ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞതോടെയാണ് മാത്യുവിന്റെ തിരോധാനത്തിലെ ദുരൂഹതയും വർദ്ധിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് മാത്യുവിന്റെ മകൾ സിനി പ്രതികരിച്ചു. കേസിലെ നിർണ്ണായക തെളിവുകൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories