ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയ്ൻ എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയിൽ. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.റഫറി രണ്ട് റെഡ് കാർഡ് പുറത്തെടുത്ത മത്സരത്തിൽ ചെന്നൈയ്ൻ ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ ചെന്നൈയിന്റെ ഒന്നാന്തരമൊരു ഷോട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾകീപ്പർ തടുത്തിടുകയും ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാൻഡ് ബോളിനെ തുടർന്ന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഗോളായില്ല. അഡ്രിയാൻ ലൂണയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പോകുകയായിരുന്നുവീണ്ടും മൂന്നോളം അവസരങ്ങൾ ലൂണ നഷ്ടപ്പെടുത്തി.
അവസാന മിനിറ്റുകളിൽ ചെന്നൈയ്ൻ നിരന്തരം ഗോളടിക്കാൻ ശ്രമിച്ചു. എന്നാൽ പലപ്പോഴും നിർഭാഗ്യവും വില്ലനായി. ഇഞ്ചുറി ടൈമിൽ മത്സരം കൈയാങ്കളിയിലേക്കും നീങ്ങി. ബ്ലാസ്‌റ്റേഴ്‌സ് താരം ആന്ദ്രെ ഗ്രീനും ചെന്നൈയ്ൻ താരം ഇമ്മാനുവലും ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു. തന്നെ തള്ളിയിടാൻ ശ്രമിച്ച ഇമ്മാനുവലിനെ ഗ്രീൻ ചവിട്ടുകയായിരുന്നു. പന്ത് തൊട്ടടുത്ത് പോലുമില്ലാത്ത സമയത്താണ് ഇരുവരും ഗ്രൗണ്ടിൽ കൈയാങ്കളി പുറത്തെടുത്തത്. ഒട്ടും വൈകാതെ റഫറി ഇമ്മാനുവലിന് രണ്ടാം മഞ്ഞക്കാർഡും ഗ്രീനിന് നേരിട്ട് ചുവപ്പ് കാർഡും കാണിച്ചു. ഇതോടെ അവസാന മിനിറ്റുകളിൽ ഇരുടീമുകളും പത്ത് പേരുമായി കളിക്കേണ്ടി വന്നു.നിലവിൽ ഒന്നു വീതം വിജയവും തോൽവിയും സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈയിന് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.