Share this Article
മിച്ചൽ ഷോയ്ക്ക് മറുപടിയുമായി ശതക അഭിഷേകം, കിവികളെ മടയിൽ ചെന്ന് തുരത്തി അഭിഷേകും വൈഭവും, മൂന്നാം ടി20-യിൽ അനായാസ ജയം, പരമ്പര
വെബ് ടീം
21 hours 51 Minutes Ago
1 min read
cricket

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയുടെയും വൈഭവിന്റെ അർദ്ധ സെഞ്ചുറിയോളം പോന്ന വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യയ്ക്ക്  6 വിക്കറ്റ് ജയം. ഇതോടെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച്  അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (3-0). ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 133 റൺസാണ് അടിച്ചു കൂട്ടിയത്. സഞ്ജു സാംസൺ 13പന്തിൽ 18റൺസെടുത്ത് പുറത്തായി. അഭിഷേകിന്റെ  നാലാം ടി20 സെഞ്ച്വറിയാണിത്. 10 സിക്‌സും 8 ഫോറും സഹിതമാണ് താരത്തിന്റെ ശതകം. 35 പന്തില്‍ അഭിഷേക് 103 റണ്‍സിലെത്തി. നേരത്തെ താരം 15 പന്തില്‍ 55 റണ്‍സ് വാരി അര്‍ധ സെഞ്ച്വറിയില്‍ എത്തിയിരുന്നു. 6 സിക്‌സും 4 ഫോറും സഹിതമാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തിയത്. 38 പന്തില്‍ 11 സിക്സും 9 ഫോറും സഹിതം 113 റണ്‍സുമായി അഭിഷേക് മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ  ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി എത്തിയത്. അഭിഷേക് കത്തും ഫോമിലാണ് ബാറ്റ് വീശിയത്. മറുഭാഗത്ത് വൈഭവും മികച്ച പിന്തുണ നല്‍കി. വെറും 6 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 118ല്‍ എത്തി. സ്‌കോര്‍ 7.1 ഓവര്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. വൈഭവ് 19 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 45 റണ്‍സെടുത്തു മടങ്ങി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ (52 പന്തില്‍ 89*) തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് കിവികള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 40 റണ്‍സടിച്ച ഫിന്‍ അലനും ആതിഥേയ നിരയില്‍ തിളങ്ങി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories