2027-ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ത്രില്ലർ ചിത്രമായ ‘ഗോന്ധൽ’ തെരഞ്ഞെടുക്കപ്പെട്ടതായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സന്തോഷ് ദവഖാർ സംവിധാനം ചെയ്ത ഈ ചിത്രം, 99-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.
2025ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ‘സിൽവർ പീകോക്ക്’ പുരസ്കാരം ഗോന്ധലിൻ്റെ സംവിധായകൻ നേടിയിരുന്നു. പി ശേഷാദ്രി, വിജയ് പട്കർ, ഹുതു കനോഡിയ, ശാന്തി കുമാർ, സന്ദീപ് പരാശർ, സഞ്ജയ് പാട്ടീൽ, സാബു ജോസഫ്, അനിൽ തോമസ്, വിവേക് വസ്വാനി, ബിജോൺ ദാസ്ഗുപ്ത, ഹസൻ, വാസൻ, തനിഷ്ഠ ചാറ്റർജി എന്നിവരടങ്ങുന്നതായിരുന്നു ജൂറി പാനൽ.
ആകെ 33 ചിത്രങ്ങളാണ് പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത്. ഇതിൽ 14 എണ്ണം ഹിന്ദിയിലും, നാല് മറാത്തി, തെലുങ്ക്, ഗുജറാത്തി ഭാഷകളിലുള്ള ചിത്രങ്ങളും, മൂന്നെണ്ണം തമിഴിലും, ഓരോന്ന് വീതം മലയാളം, നഗാമിസ് ഭാഷകളിലുമായിരുന്നു സമർപ്പിച്ചത്. കൂടാതെ, ഒരു നിശ്ശബ്ദ ചിത്രവും ഇതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ വർഷം, നീരജ് ഘയ്വാൻ സംവിധാനം ചെയ്ത, കോവിഡ് പശ്ചാത്തലത്തിലുള്ള ‘ഹോംബൗണ്ട്’ എന്ന ചിത്രമായിരുന്നു ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് ഓസ്കാർ പുരസ്കാരത്തിനായുള്ള പ്രാഥമിക പട്ടികയിൽ ഇടം നേടാനായില്ല. 99-ാമത് അക്കാദമി അവാർഡ് ചടങ്ങ് 2027 മാർച്ച് 14ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് നടക്കുക.