അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള ക്രൂ-11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:12-ഓടെ സ്പേസ് എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം കാലിഫോർണിയ തീരത്ത് സ്പ്ലാഷ് ഡൗൺ ചെയ്തു. നാലംഗ സംഘത്തിലെ ഒരു ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് ദൗത്യം നിശ്ചിത സമയത്തിന് മുൻപേ അവസാനിപ്പിച്ച് ഇവരെ ഭൂമിയിലേക്ക് എത്തിച്ചത്.
ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ആദ്യമായാണ് ഒരു മെഡിക്കൽ ആവശ്യത്തിനായി, ദൗത്യം പൂർത്തിയാക്കുന്നതിന് മുൻപ് ഇത്തരമൊരു അടിയന്തര ഒഴിപ്പിക്കൽ (Urgent Evacuation) നടക്കുന്നത്. 2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ആറുമാസം നീണ്ടുനിൽക്കേണ്ട ദൗത്യമായിരുന്നുവെങ്കിലും, സഞ്ചാരിയുടെ ആരോഗ്യനില കണക്കിലെടുത്ത് 165 ദിവസത്തിനുള്ളിൽ ദൗത്യം വെട്ടിചുരുക്കി മടങ്ങാൻ നാസ നിർദ്ദേശിക്കുകയായിരുന്നു. സാധാരണ നിലയിൽ അടുത്ത ഫെബ്രുവരിയിലായിരുന്നു ഇവരുടെ കാലാവധി പൂർത്തിയാകേണ്ടിയിരുന്നത്.
ഓസ്ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെട്ടത് (Undock). തുടർന്ന് പത്തര മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങിയത്. പ്രത്യേക ബോട്ട് ഉപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ പ്രശ്നം നേരിട്ട സഞ്ചാരിയുടെ പേരുവിവരങ്ങൾ ഇതുവരെ നാസ വെളിപ്പെടുത്തിയിട്ടില്ല. ഈ ചരിത്രപരമായ അടിയന്തര സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാൻ നാസ അഡ്മിനിസ്ട്രേറ്റർ ജാരറ്റ് ഐസക് മാൻ വാർത്താ സമ്മേളനം നടത്തുമെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു.