Share this Article
News Malayalam 24x7
ജിഹാദിയെന്ന് വിളിച്ചിട്ടില്ല, പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന,ഉള്ളത് പറയുന്ന തുറന്ന പുസ്കമാണ് താൻ, ആരോപണം നിഷേധിച്ച് ടിനിടോം
വെബ് ടീം
5 hours 55 Minutes Ago
1 min read
tinitom

കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ ടിനി ടോം. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ടിനി ടോം പറഞ്ഞു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ടിനി ടോമിന്റെ പ്രതികരണം.

'ഇതുവരെ ഒരു എഎംഎംഎ അംഗവും എനിക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ല. ഒരു മോശം മെസേജോ പ്രവര്‍ത്തനമോ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21-നാണ് രാജിക്കത്ത് നല്‍കിയത്. മെയ് 12-നാണ് രാജിവയ്ക്കാന്‍ കാരണം സ്വന്തം തിരക്കുകള്‍ ആണെന്ന് അവര്‍ പറഞ്ഞത്. ഇന്ന് മെഡിക്കല്‍ ക്യാംപ് നടക്കുന്ന സമയത്താണ് പൊട്ടിത്തെറി പോലെ ഇതൊക്കെ വന്നത്. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത്. സ്‌റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളമൊക്കെ ഉണ്ടാകും. സ്‌റ്റേജ് ഇവന്റ്‌സ് നോക്കുന്നയാളാണ് ഞാന്‍. അപ്പോള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്തവിളിയൊക്കെ ഉണ്ടാകും. അല്ലാതെ വ്യക്തിപരമായല്ല അതൊന്നും. ഞാന്‍ ജിഹാദിയെന്ന് വിളിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണ്.'- ടിനി ടോം പറഞ്ഞു.

ടിനി ടോമിന് പിന്തുണയുമായി നടി പ്രിയങ്കയും രംഗത്തെത്തി. ഒരുപാട് ഉപകാരങ്ങള്‍ അംഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന ആളാണ് ടിനി ടോം എന്നും അമ്മ എന്ന അസോസിയേഷനില്‍ തീര്‍ക്കേണ്ട കാര്യങ്ങള്‍ അമ്മയില്‍ തന്നെ തീര്‍ക്കണമെന്നും പ്രിയങ്ക പറഞ്ഞു. 'അമ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ അമ്മയില്‍ തീര്‍ക്കണം. അല്ലാതെ മാധ്യമങ്ങളോട് പോയി പറയണമെങ്കില്‍ ഞങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. അതൊന്നും പറയാന്‍ തീരുമാനിച്ചയാളല്ല ഞാന്‍. ടിനിയെ ഒരുപാട് നാളായി കണ്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ടിനിയെക്കൊണ്ട് സ്ത്രീകള്‍ക്ക് വൃത്തികേടായി അനുഭവമുണ്ടായിട്ടില്ല. പ്രോഗ്രാം ചെയ്യുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് സ്വാഭാവികമാണ്. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല. അന്‍സിബയല്ല ആരായാലും പറയാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയിലെ തലമൂത്ത നല്ല ആള്‍ക്കാരോട് പറയണം. സംഘടനയെ ബഹുമാനിക്കുന്നവര്‍ ഇവിടെ തീര്‍ക്കണം. ശ്വേതാ മേനോനെ നോക്കുകുത്തിയായി ഇരുത്തിയിരിക്കുന്നതല്ല. പ്രസിഡന്റാണ്. ശ്വേതയോട് സംസാരിച്ച് പരിഹാരം കണ്ടെത്തണമായിരുന്നു' എന്നാണ് പ്രിയങ്ക പറഞ്ഞത്.

ടിനി ടോമിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് രണ്ട് മണിയോടെയാണ്. അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും  ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. 'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും' എന്നാണ് അന്‍സിബ പറഞ്ഞത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories