ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും മോഹൻലാൽ നായകനാകുന്ന 'അതിമനോഹരം' എന്ന സിനിമ ചിത്രീകരിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ക്ഷേത്ര സമുച്ചയം ഉൾപ്പെടുന്ന ഭാഗങ്ങൾ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലാണ് വരുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് വനംവകുപ്പിന്റെ നടപടി. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചിത്രീകരണത്തിനായി ചിത്രത്തിന് ഉപാധികളോടെ അനുമതി നൽകിയിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആഗസ്റ്റ് 18, 19, 20 തീയതികളിൽ പമ്പയിലും സന്നിധാനത്തുമായി നടത്താനാണ് ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നത്. മുൻപ് മകരവിളക്ക് കാലത്ത് അനുമതിയില്ലാതെ സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ തിരക്കഥ പൂർണ്ണമായി സമർപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള കടുത്ത നിബന്ധനകളോടെയാണ് ഇത്തവണ ദേവസ്വം ബോർഡ് അനുമതി നൽകിയത്. എന്നാൽ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ സന്നിധാനത്തെ ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം, പമ്പ വരെയുള്ള ഭാഗങ്ങളിൽ സിനിമ ചിത്രീകരിക്കുന്നതിന് റാന്നി ഫോറസ്റ്റ് ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്. പമ്പയ്ക്ക് മുകളിലോട്ട് സന്നിധാനം വരെയുള്ള ഭാഗങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിൽ വരുന്നതിനാലാണ് ഇവിടെ ചിത്രീകരണം തടസ്സപ്പെടുന്നത്.
'തുടരും' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'അതിമനോഹരം. ലൗലജൻ എന്ന പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിന്റെ സന്നിധാനത്തെ ഷൂട്ടിങ് ഷെഡ്യൂൾ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ അണിയറ പ്രവർത്തകർക്ക് മാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.