വൈറ്റില മേൽപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ കോട്ടയം സ്വദേശിനി സുധ ബേബി കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. യുവതി നേരിട്ടത് അതിക്രൂരമായ മർദ്ദനമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിലെ പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പ്രകാരം, സുധയുടെ മുഖത്തും കണ്ണിലും പ്രതി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവേ ട്രാക്കിലെ കരിങ്കല്ലുകളിലേക്ക് തെറിച്ചുവീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മർദ്ദനത്തിനിടെ യുവതി ബഹളം വെച്ചപ്പോൾ പ്രതി വായയും മുഖവും അമർത്തിപ്പിടിച്ച് ക്രൂരത തുടർന്നതായും റിപ്പോർട്ടിലുണ്ട്.
പ്രതി ഷാജിയും സുധയും തമ്മിൽ ദീർഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തങ്ങൾ തമ്മിലുള്ള ബന്ധം വീട്ടുകാരെ അറിയിക്കുമെന്നും പുറത്തു പറയുമെന്നും സുധ ഭീഷണിപ്പെടുത്തിയതാണ് ഷാജിയെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് ഷാജി സുധയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ അമൃത എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച മൊബൈൽ ഫോണും സിസിടിവി ദൃശ്യങ്ങളും പ്രതിയെ കുടുക്കാൻ സഹായിച്ചു. സുധയും ഷാജിയും കാറിൽ ഒരുമിച്ച് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയുമായി പൊലീസ് ഇന്ന് വൈറ്റിലയിൽ തെളിവെടുപ്പ് നടത്തും. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.